സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം കൊണ്ടുവരുന്ന ബില്‍, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുമതി നേടിയ ശേഷം യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. യുക്രെയ്ന് പ്രശ്നത്തില്‍ ചര്‍ച്ചയ്ക്കു തയാറാകാത്ത റഷ്യയുടെ 'നടുവൊടിക്കുന്ന' തരത്തില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. ഇതോടൊപ്പം, റഷ്യയുമായി വ്യാപാര പങ്കാളിത്തം തുടരുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ അധിക തീരുവയും ചുമത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യയെയും ചൈനയെയുമാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുക. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നിലവില്‍ വന്ന ശേഷം റഷ്യ അന്താരാഷ്ട്ര വിപണിയിലേതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യക്ക് എണ്ണ വില്‍ക്കുന്നത്. ഇതു സംസ്കരിച്ച് പെട്രോളിയം ഉത്പന്നങ്ങളാക്കി ഇന്ത്യ കയറ്റുമതി ചെയ്യുന്നുമുണ്ട്.
ഇന്ത്യ ഉപരോധത്തോടു സഹകരിക്കാത്തതിനെക്കുറിച്ച് മുന്‍പ് ചോദ്യങ്ങളുയര്‍ന്നപ്പോള്‍, പാശ്ചാത്യ ലോകത്തിന്റെ പ്രശ്നങ്ങളെല്ലാം ലോകത്തിന്റെ മുഴുവന്‍ പ്രശ്നങ്ങളാണെന്ന ധാരണ ശരിയല്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടി നല്‍കിയത്. ഇവിടത്തെ പ്രശ്നങ്ങള്‍ പലവട്ടം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിച്ചിട്ടും ഇന്ത്യക്കു പ്രതീക്ഷിച്ച പിന്തുണ കിട്ടിയിട്ടില്ലെന്നും പാക്കിസ്ഥാനെ നേരിട്ടു പരാമര്‍ശിക്കാതെ കേന്ദ്ര സര്‍ക്കാര്‍ അന്നു വ്യക്തമാക്കിയിരുന്നു.
പുതിയ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തില്‍, ബില്‍ തയാറാക്കിയ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രാമുമായി ഇന്ത്യന്‍ പ്രതിനിധികള്‍ നേരിട്ടു സംസാരിച്ചു കഴിഞ്ഞെന്ന് ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്. ഊര്‍ജവും സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ താത്പര്യങ്ങള്‍ എംബസിയും അംബാസഡറും ഗ്രഹാമിനെ ധരിപ്പിച്ചിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.

Comments: